top of page

Let Me portrait U ,Creating best moments of life

  • Nov 15, 2016
  • 2 min read

LeT Me Portrait You(https://www.facebook.com/jinzportraits/)! love Jinzzzzzzzzzzzzzzzzzzzzzzzzzzz!!!!! love love

Demonetization കാലത്തെ പ്രേമലേഖനം.....

നീ സമ്മതിക്കും,നിന്റെ ഈ പിറന്നാളിന് താരമായത് നീ അല്ലല്ലോ.ഞാൻ ഒട്ടും അല്ല. ഒരു വാരം മുമ്പ്,തുലാമാസത്തിലെ തിരുവോണത്തിന്,ജിജിത്തിന്റെ (Jijith Nambradth) ഉപജാപങ്ങളുടെ സഹായത്തോടെ നിനക്ക് ഞാനെത്തിച്ച സർപ്രൈസ് കെയ്ക്ക് റെഡ് വെൽവെറ്റും അല്ല. തീവണ്ടിയിറങ്ങിയ ഉടൻ,പല്ല് പോലും തേയ്ക്കാതെ,ഡി സി ബുക്സിലോട്ട് കയറിച്ചെന്ന് നിന്റെ കാശ് കൊണ്ട് ഞാൻ സ്വന്തമാക്കിയ എന്റെ സ്വപ്ന പുസ്തകമായ 'രണ്ടാമൂഴ'മുൾപ്പടെയുള്ള മൂന്ന് പുസ്തകങ്ങളോ അല്ല.(ഉണ്ടായിരുന്ന അമ്പതിന്റെ നോട്ടെല്ലാം പുസ്തകക്കടയിൽ കൊടുത്തിറങ്ങുമ്പൊ,ഒരു ബാധ പോലെ എന്റെ കൂടെക്കൂടിയ രണ്ടായിരത്തിന്റെ മംഗൾയാൻ മാത്രമാണ് കയ്യിൽ.'അഞ്ഞൂറിന്റെ ഗാന്ധി' പോലുള്ള ഓമനപ്രയോഗങ്ങളും RBl അസാധുവാക്കി,പുതിയത് 'രണ്ടായിരത്തിന്റെ മംഗൾയാൻ' ആണ്, പഠിച്ച് വെച്ചോളൂ.)

ചാർലി middle sea-യിൽ ക്യൂൻമേരിയുടെ ബർത്ത്ഡേ ആഘോഷിച്ചപോലെ വേണമെന്ന് നിനക്ക് തോന്നിയിട്ട്,റോയൽ പ്ലാസയിൽ നമ്മൾ ചെമ്പല്ലിമീനിന്റെ അൽ-ഫാം കട്ട് ചെയ്യുന്നതിനിടെ നിനക്ക് ഞാൻ തന്ന ആ കടലാസ്സുചുരുൾ നീ നിവർത്തി നോക്കിയോ? Jinz Das വരച്ചതാണ്.എം ജി കോളേജിൽ എനിക്കേറ്റവും പ്രിയപ്പെട്ട ക്ലാസ്സുകളിലൊന്ന്,ഫൈനൽ ഇയർ ബി കോം.ആ ക്ലാസ്സിലെ Jinz Das വരച്ചതാണ്..LeT Me Portrait You എന്ന fb പേജിന്റെ ഉടമ.

ഓസ്കർ വൈൽഡ് നോവലിൽ എഴുതിയതാണ്,ഒന്ന് വായിച്ചുനോക്കൂ: "Every portrait...is a portrait of the artist, not of the sitter. It is not [the sitter] who is revealed by the painter; it is rather the painter who...reveals himself." ശരിക്കും!ചിത്രങ്ങൾ പോലെ തന്നെയാണ് Jinz,ഒച്ചപ്പാടില്ല,പക്ഷെ വണ്ടറടിപ്പിച്ചു കളയും. അപ്പൊ,മുഴുവനും നിനക്കുള്ളതല്ലല്ലോ,അന്ന് കെയ്ക്കും പിന്നീട് മീനും മുറിക്കുമ്പോഴുണ്ടായ ആ കയ്യടികളുടെ പാതിയിലധികം Jinzന് ആയിരുന്നില്ലേ.

ഇതു കൊണ്ടൊക്കെയാണ്, Jinzനെപ്പോലുള്ള വിദ്യാർത്ഥികളുമായി എന്റെ പകൽ ജീവിതം ഇങ്ങനെ കൂടിക്കുഴഞ്ഞ് കിടക്കുന്നതു കൊണ്ടാണ്, നിനക്കുള്ള പ്രണയലേഖനത്തിൽ പോലും ഞാനൊരധ്യാപകനാവുന്നത്,ഒരു ഭയങ്കര കാമുകൻ ആവാതെ പോവുന്നത് (വാങ്ങിയ രണ്ടാമത്തെ പുസ്തകം ഇതായിരുന്നു,'ഒരു ഭയങ്കര കാമുകൻ',ഉണ്ണി ആറിന്റെ).

ഞാൻ അവന്റെ അധ്യാപകനായതുകൊണ്ടോ,എല്ലാ bona fide ആർട്ടിസ്റ്റിനെയും പോലെ,വരയിൽ അവന് സ്വയം തൃപ്തിവരാഞ്ഞതു കൊണ്ടോ എന്തോ,നേരിയ പ്രതിഫലമെങ്കിലും വാങ്ങണമെന്ന എന്റെ നിരന്തരശാസനയ്ക്കു മുന്നിൽ അവൻ മടിച്ചു മടിച്ച് നിന്നതേയുള്ളൂ.ഒടുവിൽ സമ്മതിച്ചപ്പോഴാകട്ടെ,ഞാനവനൊരു ഉഗ്രൻ ജോലി ('പണി' ) കൊടുത്തു. 'Legal tender' എന്ന നിലയ്ക്കുള്ള സ്ഥാനമാനങ്ങളും ആലഭാരങ്ങളും ആടയാഭരണങ്ങളും നഷ്ടപ്പെട്ട ഒരു മരിച്ച കറൻസി കൊടുത്തിട്ട് ബാങ്കിൽ കൊണ്ടു പോയി മാറ്റിക്കോളാൻ പറഞ്ഞു!എം ജി-യിലെ മറ്റൊരു പ്രിയശിഷ്യൻ രഞ്ജിത്തിന്റ സമയോചിതമായ അനുഭാവം കൊണ്ട് SBT-യിലെ '142' എന്ന ടോക്കൺ എനിക്ക് കിട്ടുന്നതിന് മുമ്പാണിത്.

കലാകാരനെ കാമുകൻ ചതിച്ചാൽ കാമുകനെ പലരും ചതിക്കും എന്നല്ലല്ലോ ചൊല്ല്.പക്ഷെ ജിൻസേ,എനിക്ക് തിരിച്ച് കിട്ടി ആ പണി,കൂടുതൽ വെണ്മയോടെ!ഈ സമ്മാനം ഏല്പിക്കാനുള്ള യാത്രയ്ക്കിടയിൽ തീവണ്ടിയാപ്പീസിലെ ആളും ബസ്സ് കണ്ടക്റ്ററും എന്നോട് പറഞ്ഞത്,"രണ്ടായിരത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്,ഞങ്ങൾക്കതിഷ്ടമല്ലെ"ന്നാണ്.രണ്ടും കല്പിച്ച് കള്ളവണ്ടി കയറി.ടിക്കറ്റില്ലാതെ ഒന്നര മണിക്കൂർ തീവണ്ടിയാത്ര നടത്തി എന്ന് plainIy speaking.ശേഷം കയറിയ ബസ്സ്,സന്തോഷ് പണ്ഡിറ്റിന്റെയും സ്പെഷ്യൽ പോലീസ് ക്യാമ്പിന്റെയും നന്തനാരുടെയും (പുസ്തകങ്ങളിൽ മൂന്നാമത്തേത് നന്തനാരുടെ 'അനുഭവങ്ങൾ') നാടുകളിലൂടെ കടന്നു പോകുമ്പോൾ ഉള്ളിൽ നല്ല ഒന്നാന്തരം നാണക്കേടായിരുന്നു,നാണക്കേട്.എനിക്കിറങ്ങേണ്ടിടത്ത് എന്റെ ബസ്സുകാശായ നാല്പത്തൊൻപത് രൂപ ചില്ലറയുമായി ആള് നില്പുണ്ടെന്ന് പറഞ്ഞത് അംഗീകരിച്ച കണ്ടക്റ്ററുടെ ദയാവായ്പിലുള്ള സുഖമല്ല.

വാൽക്കഷ്ണം,ചിത്രകാരന്: നീ വരച്ചചിത്രത്തോടൊപ്പം മറ്റൊരു ചെറിയ ചുരുൾ കൂടി കൊടുക്കേണ്ടി വന്നു എനിക്ക്,നേരത്തെ പറഞ്ഞ മംഗൾയാൻ!രണ്ടായിരത്തിന്റെ ഒറ്റക്കറൻസി!ഒരിന്ത്യൻ പൗരന്റെ ഇപ്പോഴത്തെ മാൻഡ്രേക്ക് പ്രതിമ!അതിന്റെ പിണക്കം മാറുമ്പൊ അവൾ നിന്നെ വിളിച്ചോളും,അഭിനന്ദനം അറിയിക്കാൻ.

 
 
 

Comments


Featured Posts
Recent Posts
Search By Tags
Follow Us
  • Facebook Classic
  • Twitter Classic
  • Google Classic
pencil portraits by Jinz Das

© 2023 by Artist Corner. Proudly created with Wix.com

-

  • Thiruvananthapuram

-

  • Kerala

-

  • India

bottom of page